പാപ്പന്റേം സൈമന്റേം പിള്ളേര്‍: മലയാള സിനിമയില്‍ മാറ്റത്തിന്റെ തരംഗമാകാന്‍ ഷിജോ വര്‍ഗ്ഗീസ്

കൊച്ചി: നവാഗതനായ ഷിജോ വര്‍ഗ്ഗീസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘പാപ്പന്റേം സൈമന്റേം പിള്ളേര്‍’ എന്ന ചിത്രം ഓഗസ്റ്റ് 29ന് ഒ.ടി.ടി ആയി റിലീസിനെത്തുന്നു. യുവതലമുറയെ ക്രിമിനല്‍ പശ്ചാത്തലത്തിലേയ്ക്ക് തള്ളിവിടുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ കഥപറയുന്ന ചിത്രം സമൂഹത്തിന്റെ ഇരുണ്ട പിന്നാമ്പുറങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്നു.

നഗരത്തെ നിയന്ത്രിക്കുന്ന ക്വട്ടേഷന്‍ നേതാക്കളായ പാപ്പനും സൈമനും നിയന്ത്രിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. നേതാവിനുവേണ്ടി കൊല്ലാനും ചാകാനും മടികാണിക്കാത്ത ഒരുപറ്റം ചെറുപ്പക്കാരും, ദുരന്തങ്ങളെ നേരിടേണ്ടിവരുന്ന അവരുടെ കുടുംബങ്ങളും വര്‍ത്തമാനകാല കേരളത്തിന്റെ നേര്‍കാഴ്ചകളാകുന്നു. നിരവധി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രം ഗാനങ്ങളും സംഘട്ടന രംഗങ്ങളുംകൊണ്ട് സമൃദ്ധമാണ്.

തന്റെ സുഹൃത്തിന് ഉണ്ടായ അനുഭവമാണ് സിനിമയുടെ കഥയ്ക്ക് ആധാരമായതെന്ന് ഷിജോ പറയുന്നു. അമ്പതോളം ഹൃസ്വ ചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ച പരിചയമാണ് ഒരു മുഴുനീള മലയാള സിനിമ എന്ന ലക്ഷ്യത്തില്‍ ഷിജോ വര്‍ഗ്ഗീസിനെ എത്തിച്ചത്. കാഞ്ഞൂര്‍ വെള്ളാരപ്പിള്ളി സ്വദേശിയാണ് ഷിജോ വര്‍ഗ്ഗീസ്.

ക്യാമറ: ഗോപകുമാര്‍, ദീപു എസ്. നായര്‍, ഗാനരചന: പ്രസാദ് പാറപ്പുറം, സോജിന്‍ ജെയിംസ്, സംഗീതം: കലാമണ്ഡലം ജോയി ചെറുവത്തൂര്‍, ശൈലേഷ് നാരായണന്‍, അനുരാജ് ശ്രീരാഗം, പാടിയിരിക്കുന്നത്: കാരൂര്‍ ഫാസില്‍, മുരളി കൃഷ്ണ, നോബി ജേക്കബ്, അഭിനയിച്ചിരിക്കുന്നത്: ജെയിംസ് പാറയ്ക്ക, കോട്ടയം പ്രദീപ്, കണ്ണൂര്‍ വാസൂട്ടി, ബിനു അടിമാലി, നാരായണന്‍കുട്ടി, ശിവാനന്ദന്‍, ശാന്തകുമാരി.

LEAVE A REPLY