പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത്

പൊണ്ണത്തടി കുറയ്ക്കുക എന്നത് പലരുടെയും പ്രധാന ഫിറ്റ്നസ് ലക്ഷ്യമാണ്. സ്ഥിരമായ ആരോഗ്യം, മൈന്‍ഡ്ഫുള്‍ ഈറ്റിങ്, കൃത്യമായ പോഷണം എന്നിവ ശ്രദ്ധിക്കുന്നതിലൂടെ പൊണ്ണത്തടി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. അതായത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ പ്രോട്ടീനും പച്ചക്കറികളും പരമാവധി ഉള്‍പ്പെടുത്തുക. മാത്രമല്ല പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം, പരിമിതപ്പെടുത്തുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ജീവിതശൈലി ആവശ്യങ്ങള്‍ക്കനുസരിച്ച് സ്റ്റാര്‍ച്ച് കഴിക്കുന്നതാണ് മികച്ചത്. ചോറ്, റൊട്ടി, ബ്രെഡ് പോലുള്ള ഭക്ഷണങ്ങളിലെല്ലാം സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവ കുറച്ചു കഴിക്കുക. ഒരു ദിവസം രണ്ടോ മൂന്നോ തവണ പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുകയും അതിനിടയില്‍ തുടര്‍ച്ചയായി ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്. പതിയെ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. കുറഞ്ഞത് 15 മിനിറ്റെങ്കിലും എടുത്തുവേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണം കഴിച്ച ശേഷം 10 മിനിറ്റ് വിശ്രമിക്കാം. വയറു നിറയുന്നതു വരെ ഭക്ഷണം കഴിക്കരുതെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.