ഏപ്രിൽ 25, ലോക മലേറിയ ദിനം

ഏപ്രിൽ 25, ഇന്ന് ലോക മലേറിയ ദിനം. മലമ്പനിയെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെൽത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്. ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള രോഗമാണ് മലേറിയ. ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു സാന്നിധ്യമുള്ള കൊതുകിൻറെ കടിയേറ്റ് 8 മുതൽ 30 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇതാണ് രോഗത്തിന്റെ ഇൻക്യുബേഷൻ കാലം. ഇടവിട്ട് വിറയലോടു കൂടിയ കടുത്ത പനിയാണ് മലേറിയയുടെ പ്രധാന രോഗ ലക്ഷണം. തലവേദന, പേശിവേദന, സന്ധിവേദന, വിശപ്പില്ലായ്മ, ഛർദ്ദി, ഓക്കാനം, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയ, മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം.

LEAVE A REPLY