കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സക്ക് ആധാർ നിർബന്ധം

തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവർക്കുമാത്രമേ സൗജന്യചികിത്സ ലഭിക്കുകയുള്ളു. കിടത്തിച്ചികിത്സയ്ക്കു പ്രവേശിപ്പിക്കുമ്പോള്‍ വിരലടയാളം സ്വീകരിച്ച് ഉറപ്പാക്കും. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കു മാത്രമാകും ഇളവ്. ആദ്യഘട്ടത്തില്‍ കാര്‍ഡ് നേടിയവരുടെ ആധാര്‍ നേരത്തേ ബന്ധിപ്പിച്ചിരുന്നു. ഇതുവരെ കാര്‍ഡ് പുതുക്കാത്തവര്‍ ചികിത്സതേടുമ്പോള്‍ ആധാർ – ഹെല്‍ത്ത് കാര്‍ഡുമായി ബന്ധിപ്പിക്കണം. വ്യാജ കാര്‍ഡുപയോഗിച്ച് ആളുകള്‍ ചികിത്സതേടിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം എന്ന് അധികൃതർ വ്യക്തമാക്കി. സൗജന്യചികിത്സ വാഗ്ദാനംചെയ്ത് ചില സ്വകാര്യ സേവനകേന്ദ്രങ്ങള്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയതോടെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ സൗജന്യചികിത്സ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ആധാര്‍ ലഭ്യമാകുംവരെ കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ചികിത്സ നല്‍കും. ഇതിനായി പുതിയ സംവിധാനമൊരുക്കാൻ തുടങ്ങുകയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി.

LEAVE A REPLY