അംഗീകൃതമല്ലാത്ത 35 മരുന്നുസംയുക്തങ്ങൾ നിരോധിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ. ഇതിൽ വേദനസംഹാരികൾ, പോഷകാഹാര സപ്ലിമെന്റുകൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ എന്നിവയും ഉൾപെടും. മരുന്നുകളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവ നിർത്തിവെയ്ക്കാൻ അധികൃതർ ഡ്രഗ് കൺട്രോളർമാർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. മരുന്ന് സംയുക്തങ്ങൾ അംഗീകരിക്കുന്നതിന് 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് മുൻകൂട്ടി വിലയിരുത്താതെ ചില മരുന്നുസംയുക്തങ്ങൾ നിർമിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് CDSCO നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത്തരം മരുന്നുസംയുക്തങ്ങളുടെ വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് നൽകുന്നത് പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ അപകടസാധ്യതയുണ്ടാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 11-ന് വിവിധ സംസ്ഥാന ലൈസൻസിങ് അതോറിറ്റിക്ക് അയച്ച കത്തിൽ ചില മരുന്നുസംയുക്തങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട ആശങ്ക ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. രാജീവ് രഘുവംശി ചൂണ്ടിക്കാട്ടി.



















