ഭര്‍ത്താവിന് നിയമാനുസൃത പ്രായപരിധി കഴിഞ്ഞതിന്റെ പേരില്‍ ഭാര്യക്ക് കൃത്രിമ ഗര്‍ഭധാരണ ചികിത്സ നിഷേധിക്കാനാവില്ല എന്ന് ഹൈകോടതി

ഭര്‍ത്താവിന് നിയമാനുസൃത പ്രായപരിധി കഴിഞ്ഞതിന്റെ പേരില്‍ ഭാര്യക്ക് കൃത്രിമ ഗര്‍ഭധാരണ ചികിത്സ നിഷേധിക്കാനാവില്ല എന്ന് ഹൈകോടതി. ദമ്പതികളെ ഒന്നിച്ച് പരിഗണിച്ച് പ്രായം വിലയിരുത്തേണ്ടതില്ല. സ്ത്രീയുടെയും പുരുഷന്റെയും കാര്യത്തിലും ഇത് ബാധകമാണ്. ദമ്പതികളില്‍ ഒരാളുടെ പ്രായപരിധിയുടെ പേരില്‍ പങ്കാളിക്ക് അവസരം നിഷേധിക്കുന്നത് വിവേചനമാണെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ചൂണ്ടിക്കാട്ടി. മലപ്പുറം സ്വദേശിയായ 46കാരിക്ക്, ദാതാവിന്റെ ബീജകോശങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭധാരണ ചികിത്സ തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിലാണ് കോടതിയുടെ ഈ നിരീക്ഷണം. സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരെ തുടര്‍ന്ന് യുവതി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട് പ്രകാരം കൃത്രിമ ഗര്‍ഭധാരണ ചികിത്സക്ക് നിയമാനുസൃത പ്രായപരിധി പുരുഷന് 55ഉം സ്ത്രീക്ക് 50 വയസുമാണ്. ഭര്‍ത്താവിന് 57 വയസ്സുണ്ടെന്ന കാരണത്താലാണ് ഹരജിക്കാരിക്ക് ചികിത്സ നിഷേധിച്ചത്. എന്നാല്‍, നിയമവ്യവസ്ഥയില്‍ പറയുന്ന പ്രായനിയന്ത്രണം വ്യക്തിയധിഷ്ഠിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹബന്ധം നിലവിലില്ലാത്തയാള്‍ക്കും ചികിത്സ തേടാന്‍ സാധിക്കും. നിശ്ചിത പ്രായപരിധിക്ക് താഴെയുള്ള ഹരജിക്കാരിക്ക് ചികിത്സ നിഷേധിച്ചത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. കുട്ടികളില്ലാത്തവര്‍ക്ക് മാത്രമേ അത്തരക്കാര്‍ കടന്നുപോകുന്ന നിശ്ശബ്ദ വേദനയുടെ തീവ്രത മനസ്സിലാകൂവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.