പള്ളുരുത്തിയിലെ ഒരു യു.പി വിദ്യാലയത്തില്‍ നാല്‍പതിലേറെ കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതായി റിപ്പോര്‍ട്ട്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിലാണ് മുണ്ടിനീര് വ്യാപനം കൂടുതലായും കണ്ടുവരുന്നത്. ആവശ്യമായ പ്രതിരോധമാര്‍ഗം ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കാത്തത് രക്ഷാകര്‍ത്താക്കളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. അധ്യയനവര്‍ഷത്തിന്റെ അവസാന ഘട്ടമായതോടെ പരീക്ഷ മുന്നൊരുക്കങ്ങളും സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളില്‍ കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ രോഗവ്യാപനം ലഘൂകരിക്കുന്നതായും ആക്ഷേപം ഉയരുന്നു. ജില്ല ആരോഗ്യ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ശരീരവേദനയും ക്ഷീണവും ഇതുമൂലം കുട്ടികള്‍ക്ക് അനുഭവപ്പെടുകയും ആഹാരത്തോടുള്ള വിരക്തിയും രോഗം ബാധിച്ച കുട്ടികളില്‍ കണ്ടുവരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആണ്‍കുട്ടികളില്‍ വൃഷ്ണവീക്കമായും ഇത് പ്രത്യക്ഷപ്പെടാം. രണ്ടാഴ്ച വരെ രോഗം നീണ്ടുനില്‍ക്കാം. കുട്ടികളില്‍ ഒമ്പതാം മാസം എടുക്കുന്ന പ്രതിരോധ എം.എം.ആര്‍, എം.ആര്‍ വാക്‌സിനുകളാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. വാക്‌സിന്‍ നല്‍കിയ കുട്ടികളില്‍ രോഗം വന്നാലും അപകടകരമായ സാഹചര്യത്തിലേക്ക് മാറില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.






















