ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഇതുസംബന്ധിച്ച് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഒരു മാസം കൂടി കുഞ്ഞിന് ആശുപത്രി സഹായം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നല്‍കുന്ന വിവരം. വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറുന്നതാണ്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും ചെയ്യും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി.






















