പ്രണയവും പ്രണയ വിവാഹവുമൊന്നും പുതുമയല്ല. പലപ്പോയും പ്രണയത്തിനുള്ളിലെ പുതുമ തേടുകയാണ് പുതുതലമുറ കമിതാക്കള്‍. പ്രണയാഭ്യര്‍ത്ഥനയുടെ രീതിയും വിവാഹ വിശേഷങ്ങളുമൊക്കെ എന്നും മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തില്‍ പുതുമ നിറഞ്ഞൊരു വാര്‍ത്ത എത്തുകയാണ് നൈജീരിയയില്‍നിന്ന്.
കാമുകിയുടെ പ്രണയത്തിന്റെ ആഴം മനസ്സിലാക്കാന്‍ യുവാവ് നടത്തിയത് ആക്സിഡന്റ് നാടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുന്നു. വണ്ടിയിടിച്ചു മരിച്ചെന്ന് ധരിപ്പിച്ച ശേഷം കാമുകി കിടക്കുന്നിടത്ത് നിന്നും എഴൂന്നേറ്റ് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ് വീഡിയോ.
നൈജീരിയിലെ ഒരു പ്രാദേശിക മാധ്യമം പുറത്തുവിട്ട വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അപകടത്തിന്റെ എല്ലാ മൂഡും വരുത്തിയായിരുന്നു നാടകം. തെരുവില്‍ മഞ്ഞ ടീഷര്‍ട്ട് ധരിച്ച ഒരു യുവാവ് അപകടം പറ്റി നിലത്ത് കിടക്കുന്നിടത്താണ് ഫൂട്ടേജ് തുടങ്ങുന്നത്. രംഗത്തിന് കൂടുതല്‍ കൊഴുപ്പേകാന്‍ നായകന്റെ തലയ്ക്ക് കീഴില്‍ തളം കെട്ടിയ നിലയില്‍ ചെറിയ രക്തപ്പുഴയുമുണ്ട്.
ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നിടത്തേക്ക് വിവരമറിഞ്ഞ് എത്തുന്ന കാമുകിയോട് കാമുകന്‍ അപകടത്തില്‍ മരിച്ചെന്ന് സുഹൃത്ത് വിശ്വസിപ്പിക്കുന്നു. തുടര്‍ന്ന് കാമുകന്റെ ദേഹത്തേക്ക് വീണു കാമുകി പൊട്ടിക്കരയുകയും അവനെ കുലുക്കി ഉണര്‍ത്താന്‍ ഒരുവേള ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഏതാനും മിനിറ്റുകള്‍ നീളുന്ന ഈ സംഭവത്തിന് പിന്നാലെ കാമുകിയെ അധികം വിഷമിപ്പിക്കാതെ കാമുകന്‍ എഴുന്നേറ്റ ശേഷം പാശ്ചാത്യ ശൈലിയില്‍ മോതിരം നീട്ടി വിവാഹാഭ്യര്‍ത്ഥന നടത്തുന്നു.
ഒന്നു ഞെട്ടിപ്പോയെങ്കിലും അവള്‍ നോ എന്ന് പറയുമെന്ന് കരുതുന്നിടത്ത് നിന്നും രണ്ടടി പുറകിലേക്ക് നീങ്ങി കണ്ണുകള്‍ തുടച്ചശേഷം അവന്റെ കൈകളിലേക്ക് അവള്‍ അമരുന്നു. അതേസമയം കഥയിലെ നായകനെക്കുറിച്ചോ നായികയെക്കുറിച്ചോ എവിടെയായിരുന്നു നാടകം അരങ്ങേറിയതെന്നോ വ്യക്തമല്ല





















