സ്വന്തം കുഞ്ഞിനൊപ്പം മറ്റുള്ളവരുടെ കുട്ടികൾക്കും മുലപ്പാൽ പകർന്നു നൽകി രാജ്യത്ത് ഏറ്റവും കൂടുതൽ മുലപ്പാൽ ദാനം ചെയ്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് തിരുച്ചിറപ്പള്ളി സ്വദേശിനി സെൽവ ബൃന്ദ. 300 ലിറ്ററിലധികം മുലപ്പാലാണ് ഈ അമ്മ ദാനം ചെയ്തത്. കഴിഞ്ഞ 22 മാസങ്ങളായി സെൽവ മുലപ്പാൽ ദാനം ചെയ്യുന്നുണ്ട്. 2023ൽ സെൽവയുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുകയും കുഞ്ഞിനെ എൻ.ഐ.സിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞിന് മുലപ്പാൽ പിഴിഞ്ഞെടുത്ത് നൽകേണ്ടിവന്നു. അന്ന് അധികമായി വന്ന മുലപ്പാൽ സെൽവയുടെ അനുവാദത്തോടെ മറ്റ് കുഞ്ഞുങ്ങൾക്ക് നൽകി. ഈ സംഭവമാണ് മുലപ്പാൽ ദാനമെന്ന മഹനീയ ഉദ്യമത്തിലേയ്ക്ക് സെൽവയെ എത്തിച്ചത്.



















