ഇന്ന് ലോക കരൾ ദിനം

പൊതുജനങ്ങളിൽ കരൾ രോഗത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ വർഷവും ഏപ്രിൽ 19ന് ലോക കരൾ ദിനം ആചരിക്കുന്നത്. ‘ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങൾ തടയുക’ എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിന സന്ദേശം. മനുഷ്യ ശരീരത്തിലെ ഏറ്റവും വലുതും സുപ്രധാനവുമായ രണ്ടാമത്തെ അവയവമാണ് കരൾ. മെറ്റബോളിസം ദഹനം, പ്രതിരോധശേഷി, വിഷ വസ്തുക്കളുടെ ശുദ്ധീകരണം, വിറ്റാമിനുകൾ, ധാതുക്കൾ, ഗ്ലൂക്കോസ് മുതലായവയുടെ സംഭരണം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് കരൾ നിർവഹിക്കുന്നത്. മഞ്ഞപ്പിത്തം, കരൾ വീക്കം, സിറോസിസ്, കരളിലെ അർബുദം, ഫാറ്റി ലിവർ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. കണ്ണുകളിലെ മഞ്ഞ നിറം, കാലിലെയും വയറ്റിലെയും നീര്, മലത്തിലോ ഛർദ്ദിയിലോ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം, അബോധാവസ്ഥ, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദനയും വീക്കവും മുതലായവ കരൾ രോഗത്തിന്റെ ലക്ഷണങ്ങളാവാം. രക്തപരിശോധനകൾ, ലിവർ ഫംഗ്ഷൻ ടെസ്റ്റ്, അൾട്രാസൗണ്ട് സ്‌കാൻ, സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ, ഫൈബ്രോ സ്‌കാൻ, എൻഡോസ്‌കോപ്പി, ബയോപ്‌സി എന്നിവയാണ് കരൾ രോഗങ്ങൾ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ. മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ഭക്ഷണത്തിൽ എണ്ണയും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, പഴങ്ങൾ, പച്ചക്കറികൾ കൂടുതൽ കഴിക്കുക, അമിത ഭാരം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കുക, തിളപ്പിച്ചാറ്റിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും ശീലമാക്കുക, ആഹാരത്തിനു മുമ്പും മലമൂത്ര വിസർജന ശേഷവും ശുചിത്വം പാലിക്കുക, മറ്റുള്ളവർ ഉപയോഗിച്ച ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവയിലൂടെ കരൾ രോഗങ്ങൾ പ്രതിരോധിക്കാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ യുവജനങ്ങൾക്ക് മുപ്പത് വയസു കഴിയുമ്പോൾ തന്നെ കരൾ രോഗങ്ങൾ പിടിപെടും അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനുള്ള ബോധവൽക്കരണം സ്വന്തം വീടുകളിൽ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

LEAVE A REPLY