കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെ മനുഷ്യായുസ്സില്‍ ഒന്നരവര്‍ഷം കുറഞ്ഞതായി പഠനം

കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെ മനുഷ്യായുസ്സില്‍ ഒന്നരവര്‍ഷം കുറഞ്ഞതായി പഠനം. കോവിഡ് പടര്‍ന്നു പിടിച്ച 2019 നും 2021 നുമിടയില്‍ ലോകത്തെ 84% രാജ്യങ്ങളിലും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം വരെ കുറഞ്ഞെന്ന് ലാന്‍സറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മെക്സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആയുര്‍ദൈര്‍ഘ്യത്തിലെ ഏറ്റവും രൂക്ഷമായ ഇടിവുകള്‍ ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. 2020–21 വര്‍ഷത്തില്‍ ലോകത്താകമാനം 13 കോടി ആളുകളാണ് മരിച്ചത്. ഇതില്‍ കോവിഡ് മരണങ്ങള്‍ മാത്രം 1.6 കോടി വരുമെന്നാണ് കണക്കുകൾ. എന്നാൽ ഇതേ കാലത്ത്, മുതിര്‍ന്നവരുടെ മരണം കൂടിയെന്നും കണക്കുകളുണ്ട്. 15 വയസിനു മുകളിലുള്ള പുരുഷന്‍മാരുടെ മരണനിരക്കില്‍ 22 ശതമാനവും, സ്ത്രീകളുടെ മരണനിരക്കില്‍ 17 ശതമാനവും വര്‍ധനവുണ്ടായി. ലോകത്തെ 204 രാജ്യങ്ങളില്‍ 188 ലും 65 വയസിനു മുകളിലുള്ളവരുടെ എണ്ണം 15 വയസിനു താഴെയുള്ളവരുടെ എണ്ണത്തേക്കാള്‍ വലിയ തോതില്‍ വര്‍ധിച്ചു. എന്നാല്‍ കുട്ടികളുടെ മരണനിരക്ക് കുറഞ്ഞതായാണ് പഠനം വിലയിരുത്തുന്നത്. 2021 ലെ ശിശുമരണങ്ങള്‍ 2019 ല്‍ രേഖപ്പെടുത്തിയതില്‍ നിന്ന് 5 ലക്ഷത്തോളം കുറഞ്ഞു. ലോകത്തെ ശിശു മരണങ്ങളില്‍ നാലിലൊന്നും ദക്ഷിണേഷ്യയിലും നാലില്‍ രണ്ട് ആഫ്രിക്കന്‍ മേഖലകളിലുമായിരുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY