സംസ്ഥാനത്ത് നിപ്പ ബാധിച്ച് ആദ്യം മരണം സംഭവിച്ച സാബിത്തിനെ കുറിച്ച് സുഹൃത്തിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കോഴിക്കോട്: കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് സംസ്ഥാനത്ത് ആദ്യം ബാധിച്ച പേരമ്പ്ര സ്വദേശി സാബിത്ത് വവ്വാലിനെ കൈകൊണ്ട് എടുത്ത് മാറ്റിയിരുന്നെന്നും വവ്വാലിന്റെ രക്തം സാബിത്തിന്റെ കൈയ്യില്‍ പറ്റിയിരുന്നെന്നും വെളിപ്പെടുത്തല്‍. ഒരു ബൈക്ക് യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട വവ്വാലിനെ സാബിത്ത് രക്ഷിക്കുന്നതിനായി റോഡരികിലേക്ക് മാറ്റുകയായിരുന്നുവെന്ന് സാബിത്തിന്റെ സുഹൃത്തും സൂപ്പിക്കട നിവാസിയുമായ ബീരാന്‍ കുട്ടി പറയുന്നു. നേരത്തെ ഇക്കാര്യം പറയാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ അത് ഉള്‍പ്പെട്ടിരുന്നില്ല.

തന്റെ കൈയില്‍ രക്തം പറ്റിയതായി സാബിത്ത് പറഞ്ഞതായി ബീരാന്‍ കുട്ടി പറയുന്നു.സാബിത്തിനു വവ്വാലില്‍ നിന്നാണ് നിപ്പ വൈറസ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പും വിദഗ്ധരും ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിലും ഏത് സാഹചര്യത്തില്‍ നിന്നാണ് ഇത് വന്നതെന്ന് വ്യക്തമല്ലായിരുന്നു.സാബിത്തുമായി പാലേരിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് പരിക്ക് പറ്റിയ വവ്വാലിനെ കൈയിലെടുത്തതായി സാബിത്ത് പറഞ്ഞെതന്ന് ബീരാന്‍ കുട്ടി വ്യക്തമാക്കി.

തന്റെ ബൈക്ക് ഒരു വവ്വാലിനെ ഇടിച്ചതായും അതിനെ റോഡരികിലേക്ക് മാറ്റിയെന്നും അതിനിടെ കൈയില്‍ രക്തമായെന്നും സാബിത്ത് പറഞ്ഞിരുന്നുവെന്ന് ബീരാന്‍കുട്ടി വെളിപ്പെടുത്തി. നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുമായി ഇടപഴകിയിരുന്നതിനാല്‍ ബീരാന്‍ കുട്ടിയും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. നിപ്പ ബാധിച്ച് സാബിത്തിന്റെ ഉപ്പയും സഹോദരനും മരണപ്പെട്ടിരുന്നു. അതെ സമയം സാബിത്തിനൊപ്പം കുറേ ദൂരം സഞ്ചരിച്ചിട്ടും തനിക്ക് നിപ്പ ബാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ബീരാന്‍കുട്ടിയുടെ സംശയം.

LEAVE A REPLY