കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്‌സ് സി.ഇ.ഒ ഇൻ ചാർജ് അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായാണ് ഇത്തരത്തിൻ ധാരണപത്രം കൈമാറുന്നതെന്ന് എലുനെഡ് മോർഗൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യപ്രവർത്തകർ ഏറ്റവും മികവുറ്റവരാണെന്നും കോവിഡാനന്തരമുളള വെയിൽസിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്‌മെന്റ് സഹായിക്കുമെന്നും എലുനെഡ് മോർഗൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൻ 250 പേരെ റിക്രൂട്ട്‌ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും പുതിയ അവസരങ്ങൾ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണെന്നും ചടങ്ങിൽ പങ്കെടുത്ത ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.