‘ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു’; കോളേജില്‍ നിന്നും പ്രിന്‍സിപ്പള്‍ ഇറക്കി വിട്ടതിനെ കുറിച്ച് ഡെയ്ന്‍

മലപ്പുറം: കൊളേജ് ആഘോഷത്തില്‍ അതിഥിയായി എത്തിയ നടന്‍ ഡെയ്ന്‍ ഡേവിസിനെ വേദിയില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ വിവാദം കത്തുകയാണ്. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കൊളേജിലെ ഉദ്ഘാടന ചടങ്ങില്‍ നിന്നുമാണ് പ്രിന്‍സിപ്പള്‍ ഡെയ്‌നെ ആട്ടിയിറക്കിയത്.

വേദിയില്‍ എത്തിയ ഡെയ്നിനോട് പ്രിന്‍സിപ്പല്‍ ദേഷ്യപ്പെടുകയും, ഇറങ്ങി പോകാന്‍ ആക്രോശിക്കുകയുമായിരുന്നു. വേദിയില്‍ വച്ച് ഡെയ്ന്‍ ഇങ്ങനെ പറഞ്ഞു, ‘എന്നോട് ഇറങ്ങി പോകാനാണ് പറയുന്നത്, ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം’ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഡെയ്നിനോട് ഇറങ്ങിപ്പോകരുതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നതും കേള്‍ക്കാം. സംഭവത്തെ കുറിച്ച് ഡെയ്ന്‍ പറയുന്നത് ഇങ്ങനെ.

”മാനേജ്മെന്റിന്റെ അറിവോട് കൂടിയാണ് വിദ്യാര്‍ഥികള്‍ എന്നെ വിളിച്ചത്. അങ്ങനെയാണ് അവര്‍ പറഞ്ഞത്. കൊളേജിന്റെ ഗെയ്റ്റില്‍ എത്തിയപ്പോഴാണ് ഡ്രസ് കോഡിനെ സംബന്ധിച്ച പ്രശ്നമുണ്ടെന്ന് അറിയുന്നത്. വലിയ പ്രശ്നമൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പരിപാടി നടത്തില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍. വേദിയിലിരുന്ന എന്നോട് ഇറങ്ങിപ്പോകാന്‍ അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വേദയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ രണ്ട് വാക്ക് പറഞ്ഞിട്ട് പോകണമെന്ന് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ഞാന്‍ മൈക്കിന്റെ അടുത്ത് എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ വീണ്ടും ദേഷ്യപ്പെട്ടു. ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു.

ഇതു കേട്ടതോടെ എനിക്കു സഹികെട്ടു. നിങ്ങള്‍ ഈ കുട്ടികളുടെ പ്രിന്‍സിപ്പലാണ് എന്റെയല്ല എന്നു പറഞ്ഞു. ഇതുകേട്ടതും മറ്റ് അധ്യാപകര്‍ സംഘം ചേര്‍ന്നു പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്യാന്‍ നീയാരാടാ എന്നു പറഞ്ഞ് എന്റെ നേര്‍ക്ക് അടുത്തു. വിദ്യാര്‍ഥികളാണ് തടഞ്ഞത്.