തൂവൽ സ്പർശം സ്തനാർബുദ നിർണയ ക്യാമ്പ് തരംഗമായി

സ്ത്രീകളിലെ സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി കോർപ്പറേഷനും എറണാകുളം ജനറൽ ആശുപത്രിയും ദേശീയ നഗരാരോഗ്യ ദൗത്യവും, ഐ.സി.എം.ആറും സംയുക്തമായി സംഘടിപ്പിച്ച ” തൂവൽ സ്പർശം ” സ്തനാർബുദ നിർണയ ക്യാമ്പ് തരംഗമായി. പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ പരിധിയിലെ 14 ഡിവിഷനുകളിലും ക്യാമ്പുകൾ സംഘടിപ്പിച്ചു. 74 ഡോക്ടർമാരും 74 നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ നഗരാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാപ്രവർത്തകർ എന്നിങ്ങനെ 1000 ത്തോളം ആരോഗ്യ പ്രവർത്തകർ ക്യാമ്പുകൾ നയിച്ചു. പരിശീലനം ലഭിച്ച ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ഭവനങ്ങളിലെത്തിയാണ് ഈ ഗൃഹാധിഷ്ടിത സ്ക്രീനിംഗ് നടത്തിയത്. ഇതിലൂടെ 40 വയസ്സിൻ മുകളിലുള്ള 27000 പേരെയാണ് പ്രാഥമിക സ്ക്രീനിംഗിന് തിരെഞ്ഞെടുത്തത്. ഇതിൽ നിന്നും കണ്ടെത്തിയ 3000 ത്തോളം പേരാണ് സ്ക്രീനിംഗ് പരിപാടിയിൽ പങ്കെടുത്തത്. ഇവരിൽ 500 ആളുകളെ ജനറൽ ആശുപത്രിയിലെ ക്യാൻസർ വിഭാഗത്തിൽ തുടർ ചികിത്സ ഉറപ്പാക്കും. നവംബർ 14 മുതൽ മൂന്നു മാസം വരെ ചൊവ്വ, ശനി ദിവസങ്ങളിൽ പ്രത്യേകമായി ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. തുടർന്ന് ആവശ്യമായ മാമ്മോഗ്രാം, അൾട്രാസൗണ്ട് സ്കാനിംഗ്, സൈറ്റോളജി തുടങ്ങിയ സൗകര്യങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY