കൗമാര കാലത്തില്‍ തന്നെ വ്യായാമം ആരംഭിക്കുന്നത് മധ്യവയസ്സുകളില്‍ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും വരാതെ കാക്കുമെന്ന് പഠനം. ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനത്തിന് പിന്നില്‍. കൗമാരകാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്നസ് 57 മുതല്‍ 64 വയസ്സിലെ ഉയര്‍ന്ന ഹൃദ്രോഗ, ചയാപചയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ പറയുന്നു. 45 വര്‍ഷത്തോളം നീണ്ട പഠനത്തില്‍ പങ്കെടുത്തവരുടെ കൗമാരകാലത്തെ ആരോഗ്യ വിവരങ്ങള്‍ 12നും 19നും വയസ്സിനിടയില്‍ ശേഖരിച്ചു. ഇവരുടെ അരക്കെട്ടിന്റെ വ്യാപ്തി ഓരോ പ്രായവിഭാഗങ്ങളിലും അളന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കാര്‍ഡിയോമെറ്റബോളിക് സ്‌കോര്‍ നിര്‍ണ്ണയിച്ചത്. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ വ്യായാമത്തിനും കായിക ഇനങ്ങള്‍ക്കുമായി പ്രോത്സാഹിപ്പിക്കണമെന്നും ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം കൗമാരക്കാര്‍ക്ക് കുറഞ്ഞത് 30 മിനിട്ട് വ്യായാമം ആവശ്യമാണെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. വീട്ടിലെ ജോലികള്‍ കൗമാരക്കാരുമായി പങ്കുവയ്ക്കുന്നതും ഗുണം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



















