പ്രമേഹം, ഇന്ന് പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ്

നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ് ഇന്ന് പ്രമേഹം. അതിന് കാരണങ്ങൾ പലതാണ്. പ്രായം കൂടുന്നതും, പാരമ്പര്യവും, ജീവിതശൈലിയുമെല്ലാം ഒരാളുടെ പ്രമേഹ സാധ്യത കൂട്ടുന്നുണ്ട്.

എന്താണ് പ്രമേഹമെന്നു നോക്കാം.
നമ്മൾ കഴിക്കുന്ന ആഹാരം ദഹിച്ചുണ്ടാകുന്ന അന്നജം മധുരമുള്ളൊരു തൻമാത്രയായി മാറ്റപ്പെടുന്നു. ഇതാണ് ഗ്ലൂക്കോസ്. ഗ്ലൂക്കോസ് രക്തത്തിൽ കലർന്ന് ശരീരത്തിലെ കോശങ്ങളിൽ വേണ്ട വിധം എത്തിയാൽ മാത്രമേ നമുക്ക് ഊർജം ലഭിക്ക‍ൂ. എന്നാൽ രക്തത്തിൽ കലർന്ന ഗ്ലുക്കോസിന് നേരിട്ട് കോശങ്ങളിലേക്ക് ചെല്ലാൻ സാധിക്കില്ല. ഗ്ലൂക്കോസിന്റെ ഈ സഞ്ചാരത്തിന് സഹായിക്കുന്നത്
ആമാശയത്തിന്റെ പിന്നിലായി സ്ഥിതിചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺആയ ഇൻസുലിൻ ആണ്. ചുരുക്കത്തിൽ
ഇന്സുലിന് ആണ് രക്തത്തിലെ ഗ്ളൂക്കോസ് അഥവാ പഞ്ചസാരയെ കോശങ്ങളിലേക്ക് കടത്തിവിടുന്നത്. എന്തെങ്കിലും കാരണംകൊണ്ട് ഇങ്ങനെ ചെയ്യേണ്ട ഇൻസുലിൻ വേണ്ടത്ര ശരീരത്തിൽ ഇല്ലാതെ വന്നാൽ, രക്തത്തിൽ ഗ്ളൂക്കോസ് കെട്ടി കിടക്കും. ഇതോടെ നമ്മൾ ഓമന പേരിട്ട വിളിക്കുന്ന ഷുഗർ അഥവാ പ്രമേഹം എന്ന അവസ്ഥ ഉടലെടുക്കും.

ഗ്ലൂക്കോസും ഇൻസുലിനും തമ്മിലുള്ള ധാരണ തെറ്റിയാൽ പിന്നെ പല പ്രശ്നങ്ങളാണ് ശരീരത്തിനുണ്ടാകുക. ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞുകൂടുന്നതോടെ ശരീരകോശങ്ങൾ ജോലിചെയ്യാൻ ഊർജ്ജം ലഭിക്കാതെ തളർന്ന് അവശരാകും. പ്രമേഹ രോഗികൾക്ക് തളർച്ചയുണ്ടാകാൻ കാരണമിതാണ്. അധികമുള്ള ഗ്ലൂക്കോസ് വ്യക്കയിലൂടെ അരിച്ചുകളയാൻ ശരീര‍ം ശ്രമിച്ച‍ുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ഇടക്കിടെ മൂത്രമൊഴിക്കാൻ രോഗിക്ക് തോന്നുന്നു. അമിതമായി ജല നഷ്ടം കൂട്ടും. ഇത് ദാഹം വർദ്ധിപ്പിക്കുന്നു, അതുമാത്രമല്ല കിട്ടേണ്ട ഊർജ്ജം ലഭിക്കാതെ വരുമ്പോൾ കോശങ്ങൾ പതുക്കെ ഊർജം കടംവാങ്ങാൻ തുടങ്ങും. ശരീരത്തിലെ കൊഴുപ്പുകോശങ്ങളിൽനിന്നും പേശികളിൽനിന്നു മൊക്കെയാണ് ഈ കടംവാങ്ങാൽ നടത്തുന്നത്. അതിന്റെ ഫലമായി രോഗിയുടെ ശരീരത്തിൽനിന്ന് കൊഴുപ്പ് നഷ്ടപ്പെട്ട് ശരീരം മെലിയും.

പ്രമേഹത്തിന് പ്രായമൊന്നും പ്രശ്നമല്ല. കൊച്ചു കുട്ടികൾ മുതൽ പല്ലുകൊഴിഞ്ഞ അപ്പൂപ്പൻ മാർ‌വരെ ഏത് പ്രായമുള്ളവർക്കും പ്രമേഹം വരാം. എന്നാൽ കൂടുതലായും മുതിർന്നവരിലാണ് പ്രേമേഹം കണ്ടുവരുന്നത്. പ്രമേഹം നാല് തരത്തിൽ കാണാറുണ്ട്. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെയുണ്ട്. എന്നാൽ ഇതിൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളാണ് സാധാരണയായി കണ്ടുവരാറുള്ളത്. പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങൾ ശരിയായവിധത്തിൽ പ്രവർത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 1. കുട്ടികളെയും ചെറുപ്പക്കാരെയുമൊക്കെയാണ് ഇത് പിടികൂടാറുള്ളത്. ശരീരത്തിലെ പ്രതിരോധകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ഇൻസുലിൻ ഉൽപാദകരായ ബീറ്റകോശങ്ങളെ നശിപ്പിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം. ഇത്തരം രോഗികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്ക്കേണ്ടിവരും.

ഇൻസുലിൻ ഉത്പാദനം നിലയ്ക്കുന്നതിനേക്കാൾ അതിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്നത്. ഇതിനെയാണ് ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കുന്നത്. നമ്മുടെ നാട്ടിലെ പ്രമേഹരോഗികളിൽ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. ജീവിതശൈലി മാറ്റം കൊണ്ടും ഗുളികകൾ കഴിച്ചുമൊക്കെ നിയന്ത്രിക്കാവുന്ന ഈ പ്രമേഹത്തിന് പഴക്കം ചെല്ലുന്നതോടെ ഇൻസുലിൻ വേണ്ടിവരും.

ടൈപ്പ് മൂന്നും നാലും പാൻക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാർ മൂലമാണ് സംഭവിക്കുന്നത്. ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്, പാൻക്രിയാസ് മാറ്റിവയ്ക്കുകയോ, സ്റ്റിറോയ്ഡോ മറ്റോ കഴിച്ചോ പാൻക്രിയാസ് പ്രവർത്തനരഹിതമാവുമ്പോഴോ ആണ്.
ടൈപ്പ് 4 പ്രമേഹത്തെ ഗർഭകാല പ്രമേഹം എന്നാണ് വിളിക്കുക. പേരുപോലെതന്നെ ഗർഭകാലത്തുമാത്രമാണ് ഇത് കാണപ്പെടുന്നത്. സാധാരണയായി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഇത് മാറാറുണ്ട്. ഗർഭകാല പ്രമേഹത്തെ വേണ്ടരീതിയിൽ ഗൗനിക്കാതിരുന്നാൽ കുട്ടിക്കും അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഗർഭകാല പ്രമേഹം ഭാവിയിൽ ടൈപ്പ് 2 പ്രമേഹമായി മാറാനും സാധ്യതയുണ്ട്. ‌

ഇനി എന്തൊക്കെയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് നോക്കാം.
രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാത്തതിനാൽ തന്നെ പലരും പ്രമേഹം ഉണ്ടെന്നു മനസിലാക്കാൻ വൈകാറുണ്ട്. മറ്റെന്തെങ്കിലും അസുഖങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. ഉദാഹരണത്തിന് കാലപ്പഴക്കം വന്ന മുറിവ് ഉണങ്ങാതെ വരികയും ഡോക്ടറെ consult ചെയ്യുമ്പോൾ ബ്ലഡ് ഷുഗർ ലെവൽ ടെസ്റ്റ് ചെയ്യുകയും ഒക്കെ ചെയ്യുമ്പോഴാണ് പലരും പ്രമേഹം ഉള്ളതായി മനസിലാക്കുന്നത് തന്നെ. ഇങ്ങനെ ഉള്ളവരിൽ പതിയെ നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക, അമിത ദാഹം, അമിത വിശപ്പ്, ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ, കാഴ്ചയിൽ മങ്ങൽ, കാലിന്റെ വികാരം നഷ്ടപ്പെടുക എന്നിവയെല്ലാം ഇതിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. പ്രമേഹമുള്ള ചിലർക്ക് ഈ ലക്ഷണങ്ങൾ ഒന്നും തന്നെ കാണില്ല. നിങ്ങൾക്ക് പ്രമേഹമുണ്ടോ എന്നറിയാനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങളുടെ രക്തപരിശോധന നടത്തുക എന്നത് മാത്രമാണ്.

മൂന്ന് രീതിയിലാണ് ഒരു വ്യക്തിക്ക് പ്രമേഹമുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുന്നത്. മൂത്രം, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെയും സ്ക്രീനിങ്ങിലൂടെയുമാണ് പ്രമേഹമുണ്ടോയെന്ന് കണ്ടെത്തുന്നത്.
മൂത്ര പരിശോധനയിൽ ഉയർന്ന രക്തത്തിലെ പഞ്ചസാര കാണിക്കാം. എന്നാൽ മൂത്രപരിശോധന കൊണ്ട് മാത്രം പ്രമേഹം കണ്ടെത്താനാവില്ല. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 200 mg/dL-ൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് പ്രമേഹമുണ്ടെന്ന് ഡോക്ടർ സംശയിച്ചേക്കാം.

ഭക്ഷണത്തിന് മുൻപുള്ള രക്തം പരിശോധിച്ചാലാണ് പ്രമേഹം കൃത്യമായി കണ്ടെത്താൻ സാധിക്കുന്നത്. ഹീമോഗ്ലോബിൻ A1c ടെസ്റ്റും, oral glucose tolerance ടെസ്റ്റുമാണ് പ്രമേഹം കണ്ടുപിടിക്കാൻ ചെയ്യാവുന്ന രക്തപരിശോധനകൾ. പ്രമേഹരോഗമില്ലാത്തവർക്ക് രക്തത്തിൽ പഞ്ചസാരയുടെ പരമാവധി അളവ് 100 മുതൽ 120 മില്ലിഗ്രാം ആണ്. എന്നാൽ പ്രമേഹ രോഗബാധിതരായവരുടെ രക്തം പരിശോധിച്ചാൽ പഞ്ചസാരയുടെ അളവ് 200 ലും മുകളിൽ ആയിരിക്കുമെന്ന് കാണാം. പഞ്ചസാര നില 300 കവി‍ഞ്ഞാൽ അടിയന്തിര ചികിത്സ അനിവാര്യമാണ്. ഗ്ലൂക്കോസിൻറെ അളവ് 500 ലും കൂടുതലാവുമ്പോൾ അത് ജീവനു തന്നെ ഭീഷണിയാവുന്നു. ശരീരം Ketones എന്ന ആസിഡ് പുറപ്പെടുവിക്കാൻ തുടങ്ങുകയും. ഇത് ശരീര കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ Diabetic ketoacidosis എന്നു പറയാം. ഈ അവസ്ഥ, സ്ട്രോക്ക്, വൃക്കകളുടെയും കരളിൻറെയും പ്രവർത്തനം നിലക്കൽ എന്നിവയിലേക്ക് നയിക്കുകയോ മരണം സംഭവിക്കുകയോ ചെയ്തേക്കാം. അവശ്യമായ തോതിലുള്ള മരുന്നുകളിലൂടെയും ഭക്ഷണം ക്രമീകരിച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് കൊണ്ടുവരാൻ സാധിക്കും. ദിനം പ്രതിയുള്ള വ്യായാമവും പ്രമേഹം വരുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

LEAVE A REPLY