അമിതമായ ശുഭാപ്തി വിശ്വാസം കുറഞ്ഞ ധാരണശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം

അമിതമായ ശുഭാപ്തി വിശ്വാസം കുറഞ്ഞ ധാരണശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ബാത് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനത്തിന് പിന്നില്‍. ഉയര്‍ന്ന ധാരണശേഷിയുള്ളവര്‍ തങ്ങളുടെ ഭാവി പ്രതീക്ഷകളില്‍ കുറച്ചൊക്കെ യാഥാര്‍ത്ഥ്യ ബോധവും അശുഭപ്രതീക്ഷയും പുലര്‍ത്തുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. കുറഞ്ഞ ധാരണശേഷിയുള്ളവര്‍ സ്വയംപ്രശംസയുടെ സ്വാധീനശക്തിയില്‍ വീണുപോകാനും യാഥാര്‍ത്ഥ്യബോധമില്ലാത്ത വ്യാമോഹങ്ങള്‍ വച്ചു പുലര്‍ത്താനും സാധ്യതയുണ്ടെന്ന് ബാത് സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലെ ഡോ. ക്രിസ് ഡൗസണ്‍ ചൂണ്ടിക്കാട്ടി. അമിതശുഭാപ്തി വിശ്വാസത്തിലൂന്നിയ പദ്ധതികള്‍ മോശം തീരുമാനങ്ങളിലേക്കും മോശം ഫലങ്ങളിലേക്കും നയിക്കാനുള്ള സാധ്യത അധികമാണെന്നും ഡോ. ക്രിസ് കൂട്ടിച്ചേര്‍ക്കുന്നു. തൊഴില്‍, നിക്ഷേപം, സമ്പാദ്യം എന്നിവയെ ചുറ്റിപറ്റിയുള്ള സുപ്രധാനമായ സാമ്പത്തിക വിഷയങ്ങളിലുള്ള തീരുമാനങ്ങളെയും അമിതശുഭാപ്തി വിശ്വാസം ബാധിക്കാം. ധനവുമായി ബന്ധപ്പെട്ട അതിരു കടന്ന ശുഭാപ്തി വിശ്വാസം ഒരാളെ ബിസിനസ്സ് തകര്‍ച്ചകളിലേക്കും തെറ്റായ നിക്ഷേപത്തിലേക്കുമൊക്കെ നയിക്കാമെന്നും പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY