പ്രീഡിഗ്രി പാസാകാത്ത ജോളിയുടെ കയ്യില്‍ ബികോമിന്റേയും എംകോമിന്റേയും സര്‍ട്ടിഫിക്കറ്റുകള്‍; അന്വേഷണം പുരോഗമിക്കുന്നു

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിയുടെ കയ്യില്‍ ബികോമും എംകോമും പാസായതിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്. പ്രീഡിഗ്രി പോലും പാസാകാത്ത ജോളി എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് കേരള, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.

വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY