സൂരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്, നിങ്ങളെ വിശ്വസിച്ച ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുകയാണ്

തുടര്‍ച്ചയായി മികച്ച കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. അവസാനം ഇറങ്ങിയ മൂന്നു ചിത്രങ്ങളിലും വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാണ് സുരാജിന് ലഭിച്ചത്. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തെയും സുരാജിനെയും പ്രശംസിച്ച് ഡോ. നെല്‍സണ്‍ ജോസഫ് എഴുതിയ വ്യത്യസ്തമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

നെല്‍സന്റെ ഫേസ്ബുക്ക് കുറിപ്പ്

താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ? ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങളുടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്റ്റെന്ന്. അതുകഴിഞ്ഞ് കഷ്ടകാലത്തിന് വികൃതിയൊന്ന് കണ്ടുപോയി. സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. മറ്റതല്ല, ഇതാണു ബെസ്റ്റെന്ന്. ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കണ്ടു. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന്‍ അവിടെയും. സത്യം പറയണം. നിങ്ങള് മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാനായിട്ട്. സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ ? അതോ ഉസൈന്‍ ബോള്‍ട്ടോ? ഇനി ഇതാണു കരിയര്‍ ബെസ്റ്റെന്ന് പറയൂല്ല. പിന്നേം മണ്ടനാക്കാനല്ലേ, ആ ഐഡിയ മനസിലിരിക്കട്ടെ, നമിച്ചാശാനേ…

LEAVE A REPLY