കൊച്ചി: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു. കൊല്ലപ്പെട്ടവരില്‍ മണിവാസകം ഒഴികെയുള്ളവര്‍ക്കു വെടിയേറ്റതു പിന്നില്‍ നിന്നാണെന്നു ഫൊറന്‍സിക് സംഘം പൊലീസിനെ അറിയിച്ചു.
നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായതു മണിവാസകത്തിന്റെ ശരീരത്തില്‍ മാത്രമാണ്. ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞ നിലയിലാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനു മൊഴി നല്‍കി. മണിവാസകത്തിന്റെ കാലുകള്‍ ഒടിഞ്ഞതു വീഴ്ചയിലാണോ ബലപ്രയോഗം കൊണ്ടാണോ എന്നു വ്യക്തമല്ല. വീഴ്ചയുടെ ലക്ഷണങ്ങള്‍ ശരീരത്തിലില്ല. കാലുകളില്‍ വെടിയേറ്റിട്ടുമില്ലെന്നാണ് റിപ്പോര്‍ട്ട്.
കാര്‍ത്തി, അരവിന്ദ്, രമ എന്നിവരുടെ പിന്‍ഭാഗത്തു നിന്നാണു വെടിയുണ്ടകള്‍ തുളച്ചു കയറിയിട്ടുള്ളത്. മരണത്തിനു തൊട്ടുമുന്‍പു കഴിച്ച ഭക്ഷണത്തിന്റെ ദഹിക്കാത്ത അംശം രമയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രമ മാത്രമാണു വെടിക്കോപ്പുകളും ആയുധങ്ങളും സൂക്ഷിക്കാന്‍ സൗകര്യത്തിന് അറകളുള്ള വസ്ത്രം ധരിച്ചിരുന്നത്. മറ്റു മൂന്നു പേരും സാധാരണ പാന്റ്‌സും ഷര്‍ട്ടുമാണു ധരിച്ചിരുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സ്ഥലം സന്ദര്‍ശിച്ച വി.കെ ശ്രീകണ്ഠന്‍ എംപി തുടങ്ങിയവര്‍ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് ഫൊറന്‍സിക് സംഘത്തിന്റെ മൊഴി പുറത്തു വന്നത്. പ്രാഥമിക വിവരങ്ങളാണ് ഇന്നലെ കൈമാറിയത്. അന്തിമ റിപ്പോര്‍ട്ട് നാളെ നല്‍കുമെന്നാണ് സൂചന.