പ്രവാസികൾക്കും സന്ദർശകർക്കും ഖത്തറിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

ഖത്തറിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമം നടപ്പാക്കുന്നതോടെ രാജ്യത്തെ എല്ലാ പ്രവാസികൾക്കും സന്ദർശകർക്കും പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ മാത്രമേ അടിസ്ഥാന ചികിത്സ ഉൾപ്പെടെയുള്ള ആരോഗ്യ പരിചരണ സേവനങ്ങൾ ലഭ്യമാകൂ.

നിലവിൽ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഹെൽത്ത് കാർഡ് ഉള്ളവർക്ക് മാത്രമേ ചികിത്സ ലഭ്യമാകുകയുള്ളു. വിസയുള്ളവർക്ക് മാത്രം ഹെൽത്ത് കാർഡ് ലഭിക്കുന്നതുകൊണ്ട് സന്ദർശക വിസയിൽ വരുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല. എന്നാൽ സ്വകാര്യ ആശുപത്രികളിൽ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ നിയമം നിലവിൽ വരുന്നതോടെ എല്ലാത്തരം ആശുപത്രികളിലും ചികിത്സ ലഭിക്കണമെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് കാർഡ് വേണ്ടിവരും.

പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് നിയമത്തിന്റെ കരടിന് അംഗീകാരം നൽകിയത്. തുടർന്ന് നിയമം ഷൂറാ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടു. ഗസറ്റിൽ വിജ്ഞാപനം വരുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് കാര്യക്ഷമവും സുസ്ഥിരവും ഗുണമേന്മയുള്ളതുമായ ചികിത്സാ സൗകര്യം ഒരുക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമിടുന്നത്.

LEAVE A REPLY