കുവൈറ്റില്‍ മോഷണശ്രമം ചെറുക്കുന്നതിടെ നഴ്സിന് കുത്തേറ്റു; മലയാളി നഴ്‌സ് കോട്ടയം സ്വേദശിനി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ അബ്ബാസിയയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് പുതുക്കുളത്തില്‍ ബിജോയുടെ ഭാര്യ ഗോപിക (27)യ്ക്കാണ് കുത്തേറ്റത്. ഇവതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഗോപിക വീട്ടിലെത്തി വാതില്‍ തുറന്നതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്. അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് യുവതിയെ കുത്തുകയായിരുന്നു. വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഉടന്‍തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചു.

മോഷണശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ടാം നിലയില്‍ നിന്നും താഴത്തെ നിലയിലെത്തിയ ഗോപിക അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം കാരാപ്പുഴ സ്വദേശിനിയായ ഗോപിക ഒരു വര്‍ഷം മുന്‍പാണ് കുവൈറ്റില്‍ എത്തിയത്. ഭര്‍ത്താവ് ബിജോ അല്‍ ബാബ്റ്റെന്‍ ഗ്രൂപ്പ് ആര്‍ഡ് നിസാന്‍ കുവൈറ്റ് ജീവനക്കാരനാണ്.