ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കുമെന്നു പഠനം

ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കുമെന്നു പഠനം. ബ്രിട്ടിഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മനുഷ്യ ശരീരരത്തിലെ ചൂടിനേയും തണുപ്പിനെയും നിയന്ത്രിക്കാന്‍ ഉള്ള സന്ദേശം നല്‍കുന്നത് തലച്ചോറിന്റെ ഭാഗമായ ഹൈപോതലാമസ്സാണ്. മാനസിക രോഗമുള്ളവരില്‍ ഹൈപോതലാമസിലേക്കുള്ള നാഡീവ്യൂഹസന്ദേശങ്ങള്‍ കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ടാകാം. ശരീരതാപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന തലച്ചോറിലെ കെമിക്കലുകളായ സെറോടോണിനും ഡോപ്പമിനും മാനസികാരോഗ്യമുള്ളവരില്‍ കുറവാണ്. ഇവയെല്ലാം വിയര്‍ക്കാനും ശരീരോഷ്മാവ് കുറയ്ക്കുന്നതിനുമുള്ള സാധ്യത മാനസികാരോഗ്യപ്രശ്‌നമുള്ളവരില്‍ ഇല്ലാതാക്കുമെന്നു ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, പാരനോയിയ, മതിഭ്രമം, ഉത്കണ്ഠ തുടങ്ങിയവയ്ക്കായി കഴിക്കുന്ന മരുന്നുകളും രോഗിയുടെ ശരീരതാപനില ഉയര്‍ത്തുകയും നിര്‍ജലീകരണം ഉണ്ടാക്കുകയും ചെയ്യാം. ചൂടുള്ള താപനില ഉറക്കത്തെ ബാധിക്കുന്നതും മാനസികരോഗമുള്ളവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാമെന്നു ഗവേഷകര്‍ പറയുന്നു. ഉയരുന്ന താപനില ആത്മഹത്യ പ്രവണതകള്‍ വര്‍ധിപ്പിക്കുന്നതായി ചില മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

LEAVE A REPLY