മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും എം.എല്‍.എയുടെ ഭാര്യ വിരട്ടിയോടിച്ചു. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലതയാണ് സബ്കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. മൂന്നാറില്‍ സി.പി.ഐഎമ്മിന്റെ ശക്തികേന്ദ്രമായ ഇക്കാനഗര്‍ കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനെത്തിയതായിരുന്നു റവന്യൂ ഉദ്യോഗസ്ഥര്‍.
കെ.എസ്.ഇ.ബിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനിടെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആദ്യം പ്രദേശവാസികള്‍ തടഞ്ഞു. ഇതോടെ സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് കൂടുതല്‍ പൊലീസെത്തി. ഇതിനിടെയാണ് ദേവികുളം എം.എല്‍.എയുടെ ഭാര്യ ലത റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞത്. എം.എല്‍.എയുടെ വീടിന് സമീപത്തുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ലത പ്രതിഷേധമുയര്‍ത്തിയത്. സ്ഥലം സ്വന്തമാണെന്നതിന്റെ കൃത്യമായ രേഖകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വിശദീകരണം. സംഘര്‍ഷം പ്രതിരോധിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരിക്കുമെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം പിന്മാറി.