സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധം; എംഎല്‍എമാര്‍ക്ക്‌ ശാസന

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ സ്പീക്കറുടെ നടപടി. നാല് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ശാസിച്ചു. റോജി എം. ജോണ്‍, ഐ.സി. ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരേ നിയമസഭയുടെ 303-ാം ചട്ടപ്രകാരമാണ് നടപടി.

നാല് എംഎല്‍എമാര്‍ ഡയസിലേക്ക് പാഞ്ഞു കയറിയെന്നും സഭ നടത്താന്‍ അനുവദിച്ചില്ലെന്നും സ്പീക്കര്‍ വിശദമാക്കി. സ്പീക്കറുടെ നടപടി അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സ്പീക്കറുടെ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നടപടി ഏകപക്ഷീയമാണ്. കക്ഷി നേതാക്കളുടെ യോഗത്തെ പോലും ഇക്കാര്യം അറിയിച്ചില്ല. മുഖ്യമന്ത്രി പോലും പറയാത്ത നടപടി ആരുടേതാണെന്ന് വ്യക്തമാക്കണം. ബിജെപി അംഗം ഒ. രാജഗോപാല്‍ പറഞ്ഞിട്ടാണോ നടപടിയെന്നും ചെന്നിത്തല ചോദിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുടെ ഡയസില്‍ കയറി പി. ശ്രീരാമകൃഷ്ണന്‍ പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്തസില്ലാത്ത സാഹചര്യത്തില്‍ സഭ തുടരാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

LEAVE A REPLY