രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സര്‍ക്കാരില്‍ നിന്ന് പഠിച്ചുവെന്ന് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വീതീയന്‍ കതോലിക്കാ ബാവ. കോടതിവിധി നടപ്പാക്കിത്തരാമെന്ന് തനിക്ക് നേരിട്ട് നല്കിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചു. പറഞ്ഞതെല്ലാം വെള്ളത്തിലെ വരയായെന്നും പിറവത്തെ തര്‍ക്കം മുതലാണ് സര്‍ക്കാര്‍ മറുകണ്ടം ചാടിയതെന്നും കാതോലിക്കാ ബാവാ കുറ്റപ്പെടുത്തി.
അതേസമയം മലങ്കരപള്ളികളിലെ സെമിത്തേരികളില്‍ സംസ്കാരം നടത്താന്‍ അവകാശം ഉന്നയിച്ച് യാക്കോബായ സഭക്ക് വേണമെങ്കില്‍ ഉചിതമായ കേന്ദ്രങ്ങളെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളിലെ തുടര്‍ നടപടികളെല്ലാം 2017 ജൂലായ് 3ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതി പറഞ്ഞു. 2017ലെ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കേസില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.