സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരം ജില്ലയിൽ അടക്കം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെ രാവിലെ 05.30 മുതൽ ഉച്ചക്ക് 02.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഏപ്രിൽ 30 മുതൽ മേയ് രണ്ടു വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും പൊതു ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും അധികൃതർ അറിയിച്ചു