ഇന്നുമുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസ് ഇല്ല

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. 2020 മാര്‍ച്ച് 28 വരെ ഇനി ഇവിടെ നിന്നു പകല്‍സമയം വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. എല്ലാദിവസവും രാവിലെ 10ന് വിമാനത്താവള റണ്‍വേ അടയ്ക്കും. വൈകുന്നേരം ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകുന്നേരം ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്കു പുനഃക്രമീകരിച്ചതിനാല്‍ അഞ്ചെണ്ണം മാത്രമാണു റദ്ദാക്കിയിട്ടുള്ളത്.

വിമാനത്താവളത്തിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം നാളെ മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങും. രാവിലെയും വൈകുന്നേരവും തിരക്കു പ്രതീക്ഷിക്കുന്നതിനാല്‍ ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്പും രാജ്യാന്തര യാത്രക്കാര്‍ക്കു നാല് മണിക്കൂര്‍ മുന്പും ചെക്ക്-ഇന്‍ നടത്താം. 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ ഇവരുടെ അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തും.

റണ്‍വേ റീ-സര്‍ഫസിംഗ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികള്‍ ഇതിനു പൂര്‍ണസഹകരണം നല്‍കി. സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പാക്കിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കുകയുംചെയ്തിട്ടുണ്ട്.

1999ല്‍ പ്രവര്‍ത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തില്‍ 2009ല്‍ ആണ് ആദ്യ റണ്‍വേ റീ-സര്‍ഫസിംഗ് നടത്തിയത്. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വേയ്ക്കുള്ളത്. 150 കോടി രൂപയാണ് റണ്‍വേ നവീകരണ പ്രവൃത്തികള്‍ക്കു ചെലവ്. റണ്‍വേ, ടാക്‌സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ അഞ്ചു ലക്ഷം ചതുരശ്ര മീറ്റര്‍ ഭാഗത്താണ് റീ-സര്‍ഫിംഗ് ജോലികള്‍ നടക്കുന്നത്. റണ്‍വേയുടെ ലൈറ്റിംഗ് സംവിധാനവും പുതുക്കും. മധ്യരേഖയില്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകളും സ്ഥാപിക്കും.

LEAVE A REPLY