സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വിതരണം സുഗമമാക്കി : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ജീവന്‍രക്ഷാ മരുന്നുകള്‍, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.എഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.

കെ.എം.എസ്.സി.എല്‍ വഴി വാങ്ങിയ മരുന്നുകള്‍ പൂര്‍ണമായും ജില്ലാ സ്റ്റോറുകളില്‍ നിന്നും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കാന്‍സര്‍, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ കൂടി പൂര്‍ണതോതില്‍ എത്താനുള്ളത് ഉടന്‍ ലഭ്യമാകും, അതുവരെ ലോക്കൽ പർച്ചേസിലൂടെ ഇവ ഉറപ്പാക്കാൻ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിച്ചതായും യോഗത്തെ അറിയിച്ചു.

ഹീമോഫീലിയ രോഗികൾക്കുള്ള ഫാക്ടർ 9 ലഭ്യത ഉറപ്പാക്കാനും മന്ത്രി പ്രത്യേക നിർദ്ദേശം നൽകി. നിലവിൽ ഫാക്ടർ 9 കുറവുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തിനുള്ളിൽ ആവശ്യാനുസരണം എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ അധികൃതർ വ്യക്തമാക്കി.

എല്ലാ സ്ഥാപനങ്ങളിലും മരുന്നുകളുടെ സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കാനും ദൗർലഭ്യം ഒഴിവാക്കാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കാനും ജില്ലതല മരുന്ന് നിരീക്ഷണ സമിതികള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ മറ്റു വകുപ്പുകളുമായും തദ്ദേശ സ്ഥാപങ്ങളുമായും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. 24 മണിക്കൂര്‍ സ്പെഷലിസ്റ്റ് സേവനം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതകള്‍ പരിശോധിക്കാൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു.

108 ആംബുലന്‍സിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുവെന്നു നിരീക്ഷിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിളാ മേരി ജോസഫ്‌, ദേശീയ ആരോഗ്യ ദൗത്യം മിഷന്‍ ഡയറക്ടര്‍ ഡോ. രേണു രാജ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, മെഡിക്കല്‍ എഡ്യൂക്കേഷൻ ഡയറക്ടര്‍ ഡോ. കെ. വി. വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.