പി.എസ്.സി പ്ലാനിങ് ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍. നിലവില്‍ പരാതി ഉയര്‍ന്നിട്ടുള്ള മറ്റ് പരീക്ഷകള്‍ക്കും പുറമെ മൂന്ന് പരീക്ഷകളില്‍ കൂടി അട്ടിമറി നടന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി എസ്.ഐ.ടി. വളരെ കുറച്ച് ഒഴിവുകള്‍ മാത്രമുള്ള മൂന്ന് പരീക്ഷകളിലാണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്നതെന്നാണ് സൂചന.
പരീക്ഷയ്ക്ക് പിന്നാലെ നടന്ന ഇന്റര്‍വ്യൂവില്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ സ്വാധീനം ചെലുത്തിയതായും, പരീക്ഷയുടെ മൂല്യ നിര്‍ണ്ണയത്തിലടക്കം കൈകടത്തലുകള്‍ നടത്തിയതായും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഈ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ പരാതികള്‍ക്ക് പിന്നാലെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം എസ്.ഐ.ടി കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
രാഷ്ട്രീയ സ്വാധീനവും, ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ഈ തട്ടിപ്പുകളില്‍ വ്യക്തമാണെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആയിരിക്കും കുറ്റക്കാര്‍ക്ക് എതിരെ നടപടി ഉണ്ടാവുക. ആയതിനാല്‍ പ്രതികള്‍ക്ക് സ്റ്റേഷന് ജാമ്യവും നിഷേധിക്കപ്പെടും. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷയോ, പത്ത് വര്‍ഷം തടവും പിഴയും ശിക്ഷയോ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാകും പ്രതികള്‍ക്ക് എതിരെ ചുമത്തുക.



















