സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഹോട്ട് സ്പോട്ടിൽ 2 പഞ്ചായത്തുകൾ കൂടി

ഹോട്ട് സ്പോട്ടുകളിൽ രണ്ട് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ, കാസർകോട് ജില്ലയിലെ അജാനൂർ എന്നീ പഞ്ചായത്തുകളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. സംസ്ഥാനത്ത് 102 ഹോട്ട് സ്പോട്ടുകളാണ് ഇപ്പോൾ ഉള്ളത്.

സംസ്ഥാനത്ത് പത്ത്പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെന്നും പത്ത് പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊല്ലത്ത് ആറ് പേർക്കും കാസർകോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാൾ ആന്ധ്രാപ്രദേശിൽനിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്ന് വന്നതാണ്. കാസർകോഡ് രണ്ടുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർ ആരോഗ്യ പ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ്. കാസർകോഡ് രോഗം സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ ദൃശ്യമാധ്യമ പ്രവർത്തകനാണ്.

പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കണ്ണൂർ,കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ മൂന്നുപേരുടേയും പത്തനംതിട്ടയിൽ ഒരാളുടേയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് 495 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,673 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 20,172 പേർ വീടുകളിലും 501 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് 84 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY