മിനിമം ചാര്‍ജ് 15 ആക്കി ഉയര്‍ത്തണം: അനിശ്ചിതകാല സമരത്തിന് സ്വകാര്യ ബസ് ഉടമകള്‍

പ്രിയദര്‍ശിനി പദ്ധതി ഏല്‍പ്പിച്ച ആഘാതത്തിന് പിന്നാലെ അനിശ്ചിതകാല സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ് ഉടമകള്‍. ഭാവി സമര പദ്ധതികള്‍ തീരുമാനിക്കാന്‍ ഇന്ന് ബസ് ഉടമകളുടെ യോഗം പാലക്കാട് ചേരും.

മിനിമം ചാര്‍ജ് 15 രൂപയായി ഉയര്‍ത്തുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്കിന് ഒരുങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കല്‍, വരുമാനം കുറവുള്ള ബസും റൂട്ടും സര്‍ക്കാര്‍ ഏറ്റെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ബസ് ഉടമകള്‍ മുമ്പും ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വിഷയങ്ങളിലടക്കം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ തീരുമാനങ്ങളെടുത്തിരുന്നില്ല.

പ്രിയ ദര്‍ശിനി ബസുകള്‍ വഴിയില്‍ തടയുന്നത് അടക്കമുള്ള നീക്കത്തിലേയ്ക്ക് മുമ്പ് ബസ് ജീവനക്കാരുടെ സമരവും വഴിമാറിയിരുന്നു. വരുമാനം നിലച്ചതോടെ റൂട്ടുകള്‍ വെട്ടിക്കുറച്ചതും ബസ് ജീവനക്കാരുടെ ജീവിതത്തെ ബാധിച്ചു. യാത്രക്കാരെ കയറ്റി ഇറക്കുന്നതിനൊപ്പം മറ്റ് വരുമാന മാര്‍ഗങ്ങളും സ്വകാര്യ ബസ് ഉടമകള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നായിരുന്നു ഈ അവസരത്തില്‍ ഗതാഗത മന്ത്രിയുടെ പ്രതികരണം.