നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിക്കുമെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ട ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ലഭ്യമാക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലാണ് ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ഉറപ്പാക്കിയത്. ജൂലൈ മാസം നാലാം തീയതിയാണ് നിപ ബാധിതയെ ഇഎംഎസ് ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നത്. ആ സമയത്ത് രോഗി പൂർണമായും അബോധാവസ്ഥയിലായിരുന്നു. ഇടക്കിടക്ക് അപസ്മാരവും രക്തസമ്മർദം കുറയുകയും ചെയ്തിരുന്നു. രോഗിക്ക് ആവശ്യമായ ഐസൊലേഷൻ റൂമും ഒരു ലക്ഷത്തോളം വിലവരുന്ന ആൽഫാ ബെഡ് ഉൾപ്പടെയുള്ള മറ്റെല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഡോക്ടർമാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും മറ്റു അനുബന്ധ ജീവനക്കാരുടെയും നിരന്തരമായ പരിചരണത്തിന്റെ ഫലമായി ഏകദേശം രണ്ട് മാസത്തിന് ശേഷം രോഗി ബോധം വീണ്ടെടുത്തു. ദീർഘകാലം വിദഗ്ധ ചികിത്സ ഉറപ്പാക്കി രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.



















