സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഓഗസ്റ്റ് 7വരെ ഓറഞ്ച് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. താഴ്ച പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 7ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.
വീടുകളില്‍ വെള്ളം കയറിയ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ധനസഹായമായി 10000 രൂപവീതം പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട പ്രദേശങ്ങളില്‍ റോഡ് ഗതാഗതവും തടസ്സപ്പെടുന്നുണ്ട്. തിരുവല്ല-മാവേലിക്കര, ആലപ്പുഴ-ചങ്ങനാശേരി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.



















