മാണിയെ ഭയന്ന് ഇതുവരെ മൗനംപാലിച്ചവര്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി തലപൊക്കി തുടങ്ങി… മാണി പോയതോടെ വന്നത് ഈ മൂന്ന് ഒഴിവുകള്‍

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാകക്ഷി നേതാവ്, പാലായിലെ സ്ഥാനാര്‍ഥി… കെ.എം. മാണിയുടെ വിയോഗം കേരളാ കോണ്‍ഗ്രസിലുണ്ടാക്കിയ ഒഴിവുകള്‍ മൂന്ന്.

എന്നാല്‍, പാര്‍ട്ടിനേതൃത്വം കരുതലോടെയാണു മുന്നോട്ടുപോകുന്നത്. അധികാരം പങ്കിടലില്‍ പ്രതിസന്ധി ഉണ്ടാകരുതെന്നും പ്രതിസന്ധി ഉടലെടുത്തേക്കാമെന്ന ചര്‍ച്ചകള്‍ക്കു കാതു കൊടുക്കേണ്ടെന്നുമാണു നേതൃത്വത്തിന്റെ തീരുമാനം

മാണി വഹിച്ചിരുന്ന സുപ്രധാന പദവികളടക്കം നേതൃതലത്തില്‍ സമഗ്രമാറ്റം ആവശ്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ പ്രതിസന്ധി ഉടലെടുക്കാന്‍ പാടില്ലെന്നാണു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ എക്കാലവും സജീവമായി ഇടപെടാറുള്ള കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിര്‍ദേശവും അതുതന്നെ.

കെ.എം. മാണിക്കു ശേഷം ആരായിരിക്കണം പാര്‍ട്ടി ചെയര്‍മാന്‍ എന്നതാണു പ്രധാന ചോദ്യം. അദ്ദേഹം വഹിച്ചിരുന്ന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തേക്കും പുതിയ ആളെ കണ്ടെത്തണം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിനു സീറ്റ് നിഷേധിച്ചതു പ്രതിസന്ധിക്കു വഴിവച്ചെങ്കിലും കെ.എം. മാണിയുടെ അവസരോചിത ഇടപെടല്‍ മൂലം പിളര്‍പ്പ് ഒഴിവാകുകയായിരുന്നു. തല്‍ക്കാലം നേതൃത്വപുനഃസംഘടന മാറ്റിവയ്ക്കുമെങ്കിലും പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ചെയര്‍മാനെ നിശ്ചയിച്ചേപറ്റൂ.

സ്ഥാനാര്‍ഥിക്കു പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം ലഭിക്കണമെങ്കില്‍ ചെയര്‍മാന്റെ കത്തുവേണം. വൈസ് ചെയര്‍മാനായ ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരണമെന്നാണ് മാണി വിഭാഗത്തിന്റെ ആഗ്രഹം. എന്നാല്‍ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ജോസഫ് വരട്ടെയെന്ന് അഭിപ്രായപ്പെടുന്നവര്‍ കുറവല്ല.

കെ.എം. മാണിയെ ഭയന്ന് ഇതുവരെ മൗനംപാലിച്ചവര്‍ ഇനി തലപൊക്കുമെന്ന ആശങ്ക ശക്തമാണ്. കെ.എം. മാണിയുടെ ആജ്ഞാശക്തിയും സഭാനേതൃത്വത്തിന്റെ അനുനയങ്ങളുമാണു പാര്‍ട്ടിയെ ഇതുവരെ ഒറ്റക്കെട്ടായി നിര്‍ത്തിയിരുന്നത്. ഇതു നിലനിര്‍ത്തുകയാണു മാണിക്കു ശേഷം പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളി.

LEAVE A REPLY