സ്ത്രീ യാത്രക്കാര്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സി.പി ജോണ്‍

പ്രിയദര്‍ശിനി പദ്ധതിയില്‍ സ്ത്രീകള്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി ഗതാഗത മന്ത്രി സി.പി ജോണ്‍. പൈസ ഇല്ലാത്ത കെഎസ്ആര്‍ടിസി ബസുകളിലേയ്ക്ക് സ്ത്രീകളുടെ തള്ളിക്കയറ്റമാണെന്നും, എന്നാല്‍ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളിലേയ്ക്കാണ് അവര്‍ കുട്ടികളെ അയക്കുന്നത് എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘പൈസ ഇല്ലാത്ത കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണ്. എന്നാല്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നു. ഫീസില്ലാത്ത സ്വകാര്യ സ്‌കൂളുകളില്‍പ്പോലും മക്കളെ വിടില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബസ് വന്നാല്‍ പൈസ കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. ഇതേ സ്ത്രീ അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ല. അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണ്’- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സി പി ജോണ്‍ പ്രതികരിച്ചു.