മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പത്തനംതിട്ട പ്രളയബാധിത ദുരന്തമേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും. മഴക്കെടുതി നേരിട്ട റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ആറന്‍മുളയിലെ പ്രളയബാധിത മേഖലകളില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. പ്രദേശത്ത് പ്രളയ ബാധിതര്‍ താമസിക്കുന്ന ക്യാമ്പുകളിലും മുഖ്യമന്ത്രി നേരിട്ടെത്തും.

അതേമസയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് റാന്നി, ആറന്മുള മേഖലകളില്‍ പ്രളയസമാനമായ സാഹചര്യവും ജാഗ്രതയും തുടരുന്നു. വനമേഖലയില്‍ കഴിഞ്ഞ രാത്രി ശക്തമായ മഴ ഉണ്ടായില്ലാ എന്നത് ആശ്വാസകരമാണ്. ജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മൂവായിരത്തില്‍ അധികം പേര്‍ ക്യാമ്പില്‍ ഉണ്ടെന്നാണ് കണക്ക്. പമ്പ, അച്ചന്‍കോവില്‍, കക്കാട്ടാര്‍ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യത പരിഗണിച്ച് ഗവിയിലേക്കുള്ള യാത്രയ്ക്കുള്ള വിലക്ക് തുടരുകയാണ്.