ഇനി കൺപീലികളിലൂടെ ആരോഗ്യം തിരിച്ചറിയാം

സൗന്ദര്യ സവിശേഷത എന്നതിലുപരി കൺപീലികൾ നിങ്ങളുടെ കണ്ണുകൾക്ക് സുപ്രധാനമായ സംരക്ഷണം നൽകുന്നു. കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തിനും കൺപീലികൾ പ്രധാനമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൺപീലികളുടെ കനത്തിലോ, നീളത്തിലോ, ബലത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. കനം കുറഞ്ഞതോ, വിരളമായതോ, പൊട്ടുന്നതോ ആയ കൺപീലികൾ ബയോട്ടിൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവിന്റെ ലക്ഷണമാകാം. ഈ പോഷകങ്ങളുടെ അഭാവം കൺപീലികളെ ദുർബലപ്പെടുത്തുകയും കൺപീലികൾ കൊഴിഞ്ഞുപോവാൻ കാരണമാകുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. കൂടാതെ കൺപീലികളിലെ മാറ്റങ്ങൾ തൈറോയിഡ് അല്ലെങ്കിൽ ഹോർമോൺ തകരാറുകൾ പ്രതിഫലിപ്പിച്ചേക്കാം. ഹൈപ്പോതൈറോയിഡിസം പലപ്പോഴും കൺപീലികളുടെ പുറം കോണുകളിൽ കനം കുറയാൻ കാരണമാകുമ്പോൾ ഹൈപ്പർതൈറോയിഡിസം കൺപീലികൾ എളുപ്പത്തിൽ പൊട്ടിപ്പോകാനും കൊഴിഞ്ഞുപോവാനും കാരണമാകുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. പെട്ടെന്നുള്ളതോ, ഭാഗികമായതോ ആയ കൺപീലി കൊഴിച്ചിൽ, കൺപോളകളിലെ തുടർച്ചയായ ചുവപ്പോ വീക്കമോ, ശരിയായ പരിചരണം നൽകിയിട്ടും കൺപീലികൾ പൊട്ടുന്നത്, ക്ഷീണം, ഭാരവ്യതിയാനങ്ങൾ, ചർമപ്രശ്നങ്ങൾ എന്നിവയോടൊപ്പം കൺപീലികളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അത് സ്വയം ചികിത്സിക്കാതെ ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിച്ച് കാരണം കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.