ദീര്‍ഘനേരം ഇരുന്നുള്ള ജോലി ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നു എന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യവിദഗ്ധര്‍. ഇത് അസ്ഥികള്‍ക്കും സന്ധികള്‍ക്കും പേശികള്‍ക്കും താങ്ങാന്‍ കഴിയുന്നതിലും അധികം സമ്മര്‍ദ്ദം നല്‍കുകയും, വിട്ടുമാറാത്ത വേദനയ്ക്ക് കാരണമാവുകയും, ഗുരുതരമായ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇരുന്നുള്ള ജോലികള്‍ ചെയ്യുമ്പോള്‍, പലരും അറിയാതെ തോളുകള്‍ മുന്നോട്ട് വളയ്ക്കുകയോ, കഴുത്ത് കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നീട്ടുകയോ ചെയ്യുന്നു. ഇത് കഴുത്ത്, തോളുകള്‍, നടുവ് എന്നിവിടങ്ങളില്‍ അമിതമായ ആയാസമുണ്ടാക്കുകയും, പിന്നീട് വിട്ടുമാറാത്ത വേദന ഉണ്ടാവുകയും ചെയ്യും. തല ഓരോ ഇഞ്ച് മുന്നോട്ട് നീങ്ങുമ്പോഴും, കഴുത്തിലെ പേശികള്‍ താങ്ങേണ്ട ഭാരം ഗണ്യമായി വര്‍ധിക്കുന്നു. ഇത് കഴുത്തിലെയും പുറത്തെയും പേശികളെ ബുദ്ധിമുട്ടിലാക്കുകയും, ടെന്‍ഷന്‍ തലവേദന, കഴുത്ത് വേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ ഓരോ 30-60 മിനിറ്റിലും എഴുന്നേല്ക്കുക, കുറഞ്ഞത് 5 മിനിറ്റെങ്കിലും നടക്കുകയോ ലഘുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക, ലിഫ്റ്റിന് പകരം പടികള്‍ ഉപയോഗിക്കുക, ഫോണില്‍ സംസാരിക്കുമ്പോള്‍ നടക്കുക തുടങ്ങിയ ചെറിയ ശീലങ്ങള്‍ ചലനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.






















