കൊവിഡ് 19: സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ കെഎസ് യുഎം വെബിനാറുകള്‍

തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയുടെ വ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈനിലൂടെ മാര്‍ഗനിര്‍ദേശം നല്‍കുന്നു.

ഇതിനായി സംരംഭക മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ് യുഎം ട്വിറ്റര്‍, ഫേസ്ബുക്ക്, ലിങ്ക്ഡിന്‍, പേടിഎം എന്നീ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തേയ്ക്ക് വെബിനാറുകള്‍ നടത്തും.

ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വീകരിക്കേണ്ട മികച്ച മാര്‍ഗങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകമാകുന്ന തരത്തിലാണ് വെബിനാറുകള്‍ നടത്തുന്നത്. നേരിട്ടു നടത്തുന്ന സമ്മേളനങ്ങളെക്കാളുപരി കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വെബിനാറുകളിലൂടെ കഴിയും.

https://startupmission.kerala.gov.in/events എന്ന ലിങ്കില്‍ ഏപ്രില്‍ മാസത്തെ വെബിനാറുകളുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വിപണനം, ഫണ്ട് കൈകാര്യം ചെയ്യല്‍, മികച്ച മാതൃക സ്വീകരിക്കല്‍, നിക്ഷേപം തേടുന്നതിനുള്ള നവീന മാര്‍ഗങ്ങള്‍, മഹാമാരിയെക്കുറിച്ചുള്ള നിക്ഷേപകരുടെ കാഴ്ചപ്പാട്, ബിസിനസ് മോഡലിംഗ്, സാങ്കേതിക വിവരം എന്നിവ അടിസ്ഥാനമാക്കിയ കൂടിക്കാഴ്ചകള്‍ നടത്തുന്നതിലും മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെടുന്നതിലും സ്റ്റാര്‍ട്ടപ്പുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനുള്ള പരിഹാരങ്ങളും വെബിനാറുകളില്‍നിന്നു ലഭിക്കും.

LEAVE A REPLY