വ്യായാമം ചെയ്യുന്നതിനു മുൻപ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാൽ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് പഠനം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്‌സൈഡ് ശരീരത്തിൽ രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച ശേഷം വ്യായാമം ചെയ്തവർക്ക് പേശീസംബന്ധമായി കൂടുതൽ ആരോഗ്യം കൈവരിക്കാൻ കഴിഞ്ഞതായി പഠനത്തിൽ കണ്ടെത്തി. ഇവരുടെ ശ്വാസഗതി മറ്റുള്ളവരേക്കാൾ കൂടുതലായി ഉയർന്നതിനാൽ കൂടുതൽ ഓക്‌സിജൻ ശരീരത്തിൽ എത്തുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതൽ രക്തം പമ്പ് ചെയ്യപ്പെടുന്നതായും പഠനം കണ്ടെത്തി. യുഎസിലെ വേക്ക് ഫോറസ്റ്റ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നവരിൽ രക്തയോട്ടം മെച്ചപ്പെടുകയും അവർ ഉന്മേഷമുള്ളവരായും കണ്ടെത്തിയെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. വ്യായാമശേഷവും തുടർന്ന് ദിവസം മുഴുവനും ഇവർ കൂടുതൽ ഉന്മേഷവാന്മാരായിരിക്കുമെന്നും പഠനത്തിലൂടെ ഗവേഷകർ വ്യക്തമാക്കുന്നു.



















