ബെഡ്ഷീറ്റ് മാറ്റേണ്ടത് എപ്പോൾ? നമ്മളിൽ പലരും മുഷിഞ്ഞ ശേഷമാണ് പലപ്പോഴും കിടക്കവിരി മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുക. എന്നാൽ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. ഒരു ദിവസം ശരാശരി ആറ് മുതൽ പത്ത് മണിക്കൂർ വരെ ഒരാൾ കിടക്ക ഉപയോഗിക്കുന്നുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങൾ, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതും ബെഡ്ഷീറ്റിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇവയിൽ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാം. കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കിൽ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റിൽ പറ്റിപ്പിടിച്ചെന്ന് വരാം. ഇത്തരം ബെഡ്ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, തുടങ്ങിയ രോഗങ്ങൾ പടർത്താൻ ശേഷിയുള്ള ബാക്ടീരിയകൾ തങ്ങി നിൽക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദദ്ധർ മുന്നറിയിപ്പ് നൽകുന്നു. കീടാണുക്കളെ നശിപ്പിക്കാൻ ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരികൾ ചൂടുള്ള വെള്ളത്തിൽ കഴുകണം. സെൻസിറ്റീവ് ആയ ചർമക്കാരാണെങ്കിൽ വളരെ ജെന്റിൽ ആയതും സുഗന്ധമില്ലാത്തതുമായ സോപ്പു പൊടി ഉപയോഗിക്കാം. തലയിണയുറകളും പുതപ്പും കിടക്കക്കവറുകളും എല്ലാം പതിവായി കഴുകാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കിടക്കവിരി മാറ്റുന്നത് നല്ല ഉറക്കം ലഭിക്കാനും ഗന്ധമകറ്റാനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.


















