ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന. ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് 2022-2023 കാലഘട്ടത്തിൽ 88 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. 2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത് 3,21,582 ആയി. ബാഴ്സലോണയിൽ വച്ചുനടന്ന ESCMID ​ഗ്ലോബൽ കോൺ​ഗ്രസിലാണ് ലോകാരോ​ഗ്യസംഘടനയിൽ നിന്നുള്ള പാട്രിക് ഒ കോണർ ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. ‌കോവിഡ് കാലത്ത് മീസിൽസിനുള്ള വാക്സിനേഷൻ നിരക്കുകൾ കുറഞ്ഞതാണ് ആ​ഗോളതലത്തിലുള്ള ഈ രോ​ഗവർധനവിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതിരോധസംവിധാനത്തിന്റെ താളം തെറ്റിയാൽ അങ്ങേയറ്റം വ്യാപനശേഷിയുള്ള മീസിൽസ് വൈറസ് വലിയ രീതിയിലുള്ള രോ​ഗവ്യാപനത്തിന് കാരണമാകുമെന്നും തുല്യവും ഏകീകൃതവുമായ വാക്സിനേഷൻ രീതി ഉറപ്പാക്കേണ്ടതുണ്ടെന്നും പാട്രിക് കൂട്ടിച്ചേർത്തു. അതേസമയം മീസിൽസ് വാക്സിനേഷനിലൂടെ 2000 മുതൽ 2022 വരെയുള്ള ഏകദേശം 57 ദശലക്ഷം മരണങ്ങൾ ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

LEAVE A REPLY