പതിവായുള്ള വിമാനയാത്ര ആരോഗ്യത്തിന് സുരക്ഷിതമാണോ?

ആകാശത്തായിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തിന് എന്ത് സംഭവിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് കാർഡിയോളജിസ്റ്റ് ഡോ. ദിമിത്രി യാരാനോവ്. ക്യാബിനിലെ മർദ്ദം കുറയുമ്പോൾ ഓക്സിജന്റെ അളവ് കുറയുന്നു. ഈ അവസരത്തിൽ ശരീരത്തിന് മുൻപ് നൽകിയിരുന്ന അത്രയും ഓക്സിജനെത്തിക്കാൻ ഹൃദയത്തിന് കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടി വരുന്നു. വരണ്ട വായുവാണ് ക്യാബിനുള്ളിൽ. അതുകൊണ്ടാണ്, ശ്വാസമെടുക്കുന്നതിലൂടെ മാത്രം ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത്. വിമാനയാത്ര ചെയ്യുമ്പോൾ രക്തത്തിന്റെ അളവും കുറയുന്നു. അതായത്, രക്തത്തിന് അല്പം കട്ടി കൂടുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി. വിമാനത്തിൽ ദീർഘനേരം ഇരിക്കുന്നത് രക്തചംക്രമണം മന്ദഗതിയിലാക്കുന്നു. ഇത് കാലുകൾക്ക് ഭാരം തോന്നുന്നതിനും നീരുവയ്ക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ വിമാനത്തിൽ കയറുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുക, വിമാനയാത്രയിൽ ഉപ്പും മദ്യവും ഒഴിവാക്കുക, രക്തചംക്രമണം സുഗമമാക്കാൻ ഇടയ്ക്കിടെ ശരീരം നിവർത്തുക, പ്രതിരോധശേഷി സംരക്ഷിക്കാൻ വിമാനം പുറപ്പെടുന്നതിന് മുമ്പ് സലൈൻ നേസൽ സ്പ്രേ ഉപയോഗിക്കാം. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദദ്ധർ വ്യക്തമാക്കുന്നു.