അൽസ്ഹൈമേഴ്സിലേക്ക് നയിക്കുന്ന മൂന്ന് പ്രധാന കാരണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

അൽസ്ഹൈമേഴ്സിലേക്ക് നയിക്കുന്ന മൂന്ന് പ്രധാന കാരണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദദ്ധർ. വിറ്റാമിൻ ‍ഡിയുടെ കുറവ്, മതിയായ ഉറക്കം കിട്ടാതിരിക്കുക, വിട്ടുമാറാത്ത നീർവീക്കം തുടങ്ങിയവയാണ് അൽസ്ഹൈമേഴ്സിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളായി ആരോഗ്യവിദദ്ധർ ചൂണ്ടിക്കാട്ടുന്നത്. മസ്തിഷ്കാരോഗ്യം കാക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് വലുതാണ്. മതിയായി വെയിൽ കൊള്ളാതിരിക്കുക വഴി പലർക്കും വിറ്റാമിൻ ‍ഡി ആവശ്യത്തിന് കിട്ടാതിരിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ ദിവസവും ഇരുപത് മിനിറ്റെങ്കിലും വെയിൽ കൊള്ളണമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. മറ്റൊന്ന് ഉറക്കം കുറയുന്നതാണ്. മസ്തിഷ്കത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സുഖകരമായ ഉറക്കം കൂടിയേ തീരൂ. ആഴത്തിലുള്ള ഉറക്കത്തിനിടയിലാണ് മസ്തിഷ്കം ടോക്സിനുകളെ നീക്കം ചെയ്യുകയും ഓർമകൾ സംയോജിപ്പിക്കുകയും ചെയ്യുന്നത്. ഇത് മസ്തിഷ്കത്തിന്റെ സ്വാഭാവികമായുള്ള ശുദ്ധീകരണ പ്രക്രിയയാണ്. ഇത് നടക്കാതിരിക്കുന്നതും അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. മറ്റൊരു പ്രധാനഘടകമായി ആരോഗ്യവിദദ്ധർ ചൂണ്ടിക്കാട്ടുന്നത് നീർവീക്കമാണ്. ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുതന്നെ നീർവീക്കം പ്രധാന അപകടസാധ്യതയായി കണ്ടുവരാറുണ്ടെന്ന് ആരോഗ്യവിദദ്ധർ സൂചിപ്പിക്കുന്നു. സമ്മർദം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ വീക്കം കൂട്ടുന്ന ഘടകങ്ങളാണ്. സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുക, വ്യായാമം ചെയ്യുക, സാമൂഹികബന്ധങ്ങളിൽ സജീവമാവുക എന്നിവയിലൂടെ മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.