അമിതമായ വെളിച്ചം ഹൃദയാരോഗ്യത്തിന് ദോഷമെന്ന് പഠനം

രാത്രിയിലെ അമിതമായ വെളിച്ചം ഹൃദയാരോഗ്യം തകരാറിലാക്കുമെന്ന് പഠനം. രാത്രിയിൽ വീട്ടിൽ അമിതമായ വെളിച്ചം ഉപയോഗിക്കുന്നത് ഉറക്കം, ഹോർമോൺ നിയന്ത്രണം എന്നിവ നിയന്ത്രിക്കുന്ന ശരീരത്തിന്റെ സർക്കാഡിയൻ റിഥത്തെ തടസ്സപ്പെടുത്തുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രാത്രിയിൽ തീവ്രമായ പ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ ഇന്റേണൽ ക്ലോക്കിനെ ബാധിക്കുകയും ഇത് ഉയർന്ന രക്തസമ്മർദ്ദം, വീക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള തടസ്സങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവെച്ചേക്കാം. രാത്രിയിൽ തീവ്രമായ പ്രകാശം ഏൽക്കുന്നവർക്ക് കൊറോണറി ആർട്ടറി രോഗം വരാനുള്ള സാധ്യത 32 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഹൃദയാഘാതത്തിന് 56 ശതമാനവും, പക്ഷാഘാതത്തിന് 30 ശതമാനവും സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. സൂര്യാസ്തമയത്തിന് ശേഷം മുറികളിലെ ലൈറ്റുകളുടെ പ്രകാശം കുറയ്ക്കുക വെളിച്ചം തടയാൻ കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതായിരിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കുന്നു. ജാമ നെറ്റ്വർക്കിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.