കാൻസർ തടയാൻ ‘സൂപ്പർ വാക്‌സിൻ’ വികസിപ്പിച്ചു

കാൻസർ രോഗം തുടങ്ങുന്നതിന് മുമ്പേ തടയുന്ന ‘സൂപ്പർ വാക്‌സിൻ’ വികസിപ്പിച്ച് ഗവേഷകർ. യൂണിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്റ്‌സ് ആംഹേഴ്സ്റ്റിലെ ഗവേഷകരാണ് സൂപ്പർ വാക്‌സിൻ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ രോഗം രൂപപ്പെടുന്നത് പൂർണമായും തടയാൻ സാധിച്ചെന്ന് ഗവേഷകർ വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഒരു പ്രത്യേക ഫോർമുലയുടെ കരുത്തോടെ പ്രവർത്തിക്കുന്ന ഈ പരീക്ഷണ വാക്‌സിൻ, കാൻസർ കോശങ്ങൾ ട്യൂമറുകളായി വളരുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ മൃഗങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിച്ചു. പരീക്ഷണങ്ങളിൽ, വാക്‌സിൻ നൽകിയ മിക്ക എലികളും മാസങ്ങളോളം ആരോഗ്യത്തോടെ ജീവിച്ചതായി ഗവേഷകർ വ്യക്തമാക്കി. എന്നാൽ വാക്‌സിൻ നൽകാത്തവയ്ക്ക് കാൻസർ പിടിപെട്ടു. ഈ കണ്ടുപിടിത്തം, കാൻസർ തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ തടയുന്ന ഒരു നല്ല ഭാവിയിലേക്കുള്ള പുതുവാതിൽ തുറക്കുമെന്ന പ്രതീക്ഷ നൽകുകയാണ് ഗവേഷകർ.