ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചില ആളുകളിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിൽ ആശങ്കയുണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു വർധിപ്പിക്കുമോയെന്നാണ് പേടി. എന്നാൽ മുട്ടയുടെ വെള്ള പോലെ തന്നെ മഞ്ഞയും പോഷകസമൃദ്ധമാണെന്ന് പല പഠനങ്ങളും പറയുന്നു. ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനത്തിൽ മുട്ടയിൽ അടങ്ങിയ ഡയറ്ററി കൊളസ്‌ട്രോൾ രക്തത്തിലെ കൊളസ്‌ട്രോൾ വർധിപ്പിക്കാൻ കാരണമാകില്ലെന്ന് കണ്ടെത്തി. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഭക്ഷണങ്ങളിലെ പൂരിത കൊഴുപ്പാണ് എൽഡിഎൽ കൊളസ്‌ട്രോൾ വർധിപ്പിക്കുന്നതെന്ന് കണ്ടെത്തിരുന്നു. മിക്ക ഉയർന്ന കൊളസ്‌ട്രോൾ ഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് കൂടുതലാണ്. പക്ഷേ മുട്ടയിൽ ഇത് വളരെ കുറച്ച് മാത്രമേ അടങ്ങിയിട്ടുള്ളുവെന്ന് വിധഗ്തർ വ്യക്തമാക്കി.